എന്തിനാണ് സ്ത്രീധനം നിയമവിരുദ്ധം ആക്കുന്നത്?
എന്തിനാണ് സ്ത്രീധനം നിയമവിരുദ്ധം ആക്കുന്നത്?
എന്റെ അഭിപ്രായത്തിൽ കേരളം പോലെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളെങ്കിലും സ്ത്രീധനം നിരോധിക്കുന്ന നിയമം എടുത്തു കളയണം.
നിയമം പേടിച്ചു മാത്രം സ്ത്രീധനം വാങ്ങാത്ത ആളുകൾക്ക് പുറത്തു വരാൻ അതൊരു നല്ല അവസരമാവും. ഇത്രയും വിദ്യാഭ്യാസവും അനുഭവവും ഉള്ള നമ്മുടെ സമൂഹം സ്ത്രീധനം കൊടുത്തു സ്വന്തം മകളെ വിവാഹം കഴിച്ചയക്കുന്നു എങ്കിൽ, ആ വിവാഹത്തിന് എത്ര ഇമോഷണൽ ആയ കാരണങ്ങൾ കൊണ്ടായാലും പെൺകുട്ടികൾ സമ്മതിക്കുന്നു എങ്കിൽ അതിനു സ്ത്രീധനത്തിനെ കുറ്റം പറയുവാൻ സാധിക്കില്ല.
കിണറവിടെ ഉള്ളതറിയാതെ ആളുകൾ വീണു മരിക്കുന്നത് ആൾമറ കെട്ടി ശരിയാക്കാം, പക്ഷെ കിണറുള്ളതറിഞ്ഞു കിണറ്റിൽ ചാടുന്നതിനു കിണറിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.
വിദ്യാഭ്യാസം ഉണ്ടാകണം എന്നില്ല സ്ത്രീധനത്തിന്റെ ലോജിക് ഇല്ലായ്മ മനസ്സിലാക്കുവാൻ, എന്നിട്ടും വിദ്യാഭ്യാസം ഉള്ളവർ അതിനു കൂട്ട് നിൽക്കുന്നു എന്നത് ലജ്ജാവഹം തന്നെയാണ്. വിവാഹം രണ്ടു മനസുകൾ തമ്മിൽ അല്ലാതെ രണ്ടു കുടുംബങ്ങളുടെയും സംസ്‌കാരത്തിന്റെയും ഒക്കെ വാലിൽ തൂങ്ങിയാടുമ്പോൾ ഇതിലൊക്കെ എന്ത് അത്ഭുധമാണുള്ളത്.
പെൺകുട്ടികളെ ചെറിയ പ്രായം മുതൽ മാനസികമായി കണ്ടിഷൻ ചെയ്തു വരുന്നത് നമ്മുടെ ഒരു നാട്ടുനടപ്പാണ്. മറ്റൊരു വീട്ടിൽ പോകേണ്ടവളാണ്, അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കണം മുതലായ സ്ഥിരം പല്ലവികൾ ഞാൻ അവർത്തിക്കുന്നില്ല. എന്നിരുന്നാലും കൂട്ടിലടച്ച കിളിയെ പോലെ വളർത്തിയാൽ അവർക്കു പറക്കുവാൻ സാധിക്കാതെ പോകും, തുറന്നു വിടുമ്പോഴും. പലരെയും അടച്ചിടുന്നത് പൂച്ചയും നായയും പിടിക്കാതിരിക്കാനാവും, പക്ഷെ അതിനു മണിചിത്ര താഴിട്ടു പൂട്ടുന്ന പരിപാടി കുറച്ചു കൂടുതൽ ആവാറുണ്ട് പല ആൾക്കാർക്കും. കൂടെ ഒരാൾ ഇല്ലാതെ തൊട്ടടുത്ത കടയിലേക്ക് പോകുവാൻ പോലും പറ്റാത്ത പെൺകുട്ടികൾ ഇന്ന് സർവ്വ സാധാരണം ആണ്. എല്ലാവരും അങ്ങനെ ആണെന്നല്ല പറയുന്നത്. അതിനു ഞാൻ ഒരിക്കലും രക്ഷിതാക്കളെയോ പെണ്കുട്ടികളെയോ പൂർണമായും കുറ്റം പറയുന്നില്ല. ഞാൻ അടക്കം ഉള്ള സമൂഹത്തിനും അതിൽ വലിയ പങ്കുണ്ട്. എന്നിരുന്നാലും നമ്മുടെ പെൺകുട്ടികൾ കാര്യപ്രാപ്തി കുറയുന്നതിൽ രക്ഷിതാക്കളുടെ പങ്കു കാണാതെയിരിക്കുവാനും സാധിക്കില്ല.
നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിവേകമോ വിവരമോ തരുവാൻ സാധിക്കുന്നില്ല എങ്കിൽ അതിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനവും കാലഹരണപ്പെട്ട സംസ്‌കാരവും തെറ്റുകാർ തന്നെയാണ്. എന്നാൽ നമ്മുടെ സമൂഹം ഇതൊന്നും അറിയാത്തവരല്ല. ഇതൊക്കെ അറിഞ്ഞു കൊണ്ട് ഇതിൽ പെടുന്നു എങ്കിൽ അതിനു ആരെയാണ് യഥാർത്ഥത്തിൽ പഴി ചാരേണ്ടത്. ഏതൊരു നിയമവും നടപ്പാക്കണം എങ്കിൽ അതിന്റെ ആവശ്യം ജനങ്ങൾക്കും ഉണ്ടാകണം. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്, അത് വാങ്ങാൻ കാശില്ലഞ്ഞിട്ടല്ല, അതിന്റെ ആവശ്യം മനസ്സിലാവാതെ ഒരു നിയമം ആയി മാത്രം കാണുന്നതുകൊണ്ടാണ്.
ഇനിയും സ്ത്രീധനം പോലെ ഉള്ള വിഷയങ്ങൾ, സമൂഹത്തിനു മുഴുവനായും തിരുത്തണം എന്ന് വിചാരിക്കാതെ എത്ര തല പോകുന്ന നിയമം വന്നാലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിയമം ഇല്ലെങ്കിൽ വിവരം ഉള്ളവർക്കെങ്കിലും ഓന്തിനെ പോലെ നിറം മാറുന്നവരെ തിരിച്ചറിയാൻ അത് സഹായിക്കും. അതുകൊണ്ടു എന്റെ അഭിപ്രായത്തിൽ ഇത്തരം നിയമങ്ങൾ കേരളത്തിൽ എടുത്തു കളയണം.
#DowryDeath #dowry #kerala #traditionalwedding
Comments
Post a Comment